വൃദ്ധമന്ദിരത്തില്‍ നിന്ന് ഏറ്റെടുത്ത് വീണ്ടും തെരുവില്‍ ഉപേക്ഷിച്ചു; അന്ധനായ 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സഹായത്തില്‍

പ്രായത്തിന്റെ അവശതയും പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല. മലമൂത്ര വിസര്ജ്ജനം നടത്തുന്നതും കിടക്കുന്ന ഷെഡ്ഡില് തന്നെയാണ്

കോഴിക്കോട്: കോഴിക്കോടില്‍ മക്കള്‍ ഉപേക്ഷിച്ച അന്ധനായ വൃദ്ധനെ സംരക്ഷിച്ച് നാട്ടുകാര്‍. നാല് മക്കളുള്ള ഈ 82 കാരനായ ഹമീദ് ബാവ ഇപ്പോള്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയിലാണ്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലാണ് സംഭവം.

ഹമീദിന്റെ ദുരവസ്ഥ കണ്ട് ഒരു കൂട്ടം നാട്ടുകാര്‍ താല്‍ക്കാലികമായി ഒരിക്കി നല്‍കിയ കൂരയിലാണ് ഹമീദ് ബാവ ഇപ്പോള്‍ താമസിക്കുന്നത്. പ്രായത്തിന്റെ അവശതയും പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല. മലമൂത്ര വിസര്ജ്ജനം നടത്തുന്നതും കിടക്കുന്ന ഷെഡ്ഡില് തന്നെയാണ്.

ഹമീദ് ബാവയ്ക്ക് ആകെ ഉള്ള സമ്പാദ്യം ഒരു പ്ലെയിറ്റും ഗ്ലാസും മാത്രമാണ്. നാട്ടുകാര് നല്കുന്ന ഭക്ഷണമാണ് ബാവയുടെ ആഹാരം. മൂന്ന് ആണ്‍ മക്കളും ഒരു പെണ്‍മകളുമാണ് ഹമീദ് ബാവയ്ക്കുള്ളത്. ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹമീദിനെ ഏറ്റെടുക്കാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയിരുന്നു.

വൃദ്ധ മന്ദിരത്തില്‍ നിന്ന് ഹമീദിനെ ഏറ്റെടുത്തെങ്കിലും വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ഹമീദ് ബാവയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് പോലീസിനോടും ജില്ലാ ഭരണകൂടത്തിനോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Exit mobile version