മത്സരയോട്ടത്തിനിടെ ഒന്ന് ഉരസി; സിനിമാസ്‌റ്റൈലിൽ ബസ് കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്ത് സ്വകാര്യ ബസുകളുടെ പോര്; വലഞ്ഞത് ജനങ്ങൾ

ഏറ്റുമാനൂർ: ജനങ്ങളെ വലച്ച് കോട്ടയത്ത് സ്വകാര്യബസുകളുടെ മത്സരയോട്ടവും തമ്മിൽ തല്ലും. പരസ്പരം മത്സരിച്ച് ബസ് ഓടിക്കുന്നതിനിടെ ബസുകൾ തമ്മിൽ തട്ടിയെന്ന് ആരോപിച്ച് സിനിമ സ്‌റ്റൈലിൽ ബസ് റോഡിനു കുറുകെയിട്ടാണ് ജീവനക്കാർ വാക്കുതർക്കത്തിലേർപ്പെട്ടത്. ഇതോടെ ദുരിതത്തിലായതാകട്ടെ പാവം യാത്രക്കാരും. വ്യാഴം വൈകിട്ട് 5ന് അതിരമ്പുഴ – മെഡിക്കൽ കോളേജ് റോഡിൽ എംജി സർവകലാശാലയ്ക്കു സമീപമാണു സംഭവം.

കോട്ടയം – പാലാ റോഡിൽ സർവീസ് നടത്തുന്ന എവിഎം ബസിനെ കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസ് റോഡിനു കുറുകെ നിർത്തി ഗതാഗതം തടഞ്ഞിടുകയായിരുന്നു. എവിഎം ബസിനെ ആവേ മരിയ ബസ് മറികടക്കാൻ ശ്രമിച്ചപ്പോൾ മനഃപൂർവം എവിഎം ബസ് വലത്തോട്ടു വെട്ടിച്ച് ഗ്ലാസിൽ തട്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു സിനിമാസ്‌റ്റൈലിലെ പ്രതികാരം. 15 മിനിറ്റോളം ജീവനക്കാർ തമ്മിൽ തർക്കം തുടർന്നു. ബസിൽ തട്ടിയതിന് എവിഎം ബസ് പണം തരണം എന്ന് ആവശ്യപ്പെട്ടാണ് ആവേ മരിയ ബസ് ജീവനക്കാർ പ്രശ്‌നം ഉണ്ടാക്കിയതെന്നു നാട്ടുകാർ പറഞ്ഞു.

ആവേ മരിയയിലെ ജീവനക്കാർ എവിഎം ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറയുന്നു. റോഡിനു കുറുകെ ബസ് നിർത്തിയതോടെ വലിയ ഗതാഗതക്കുരുക്കും സൃഷ്ടിക്കപ്പെട്ടു. സിനിമാ സ്‌റ്റൈൽ പ്രകടനം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തതോടെ ആവേ മരിയ ബസിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടോജോ എം തോമസ് അറിയിച്ചു.

Exit mobile version