ആ ബാഗിലെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുതരണേ, ജീവിതമാണ്; റെയില്‍വേ സ്‌റ്റേഷനിലെ മോഷ്ടാവിനോട് വിഷ്ണുവിന്റെ അപേക്ഷ

തൃശ്ശൂര്‍: കവര്‍ന്നെടുത്ത തന്റെ സ്വപ്‌നങ്ങള്‍ തിരിച്ചുകിട്ടാന്‍ കള്ളനോട് അപേക്ഷിച്ച് യുവാവ്. ഗൂഡല്ലൂര്‍ സ്വദേശിയായ വിഷ്ണുപ്രസാദ് എന്ന ഇരുപത്തിയേഴുകാരനാണ് ബാഗ് കവര്‍ന്ന കള്ളനോട് അപേക്ഷിക്കുന്നത്. ബാഗിലെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുതരണമേ… ജീവിതമാണ് അതിനുള്ളിലുള്ളത്.

തൃശൂര്‍ പറവട്ടാനിയിലെ ഹോട്ടലില്‍ ജോലി ചെയ്യുകയാണ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ വിഷ്ണു. മുംബൈയിലും ബെംഗളൂരുവിലും കൊച്ചിയിലും നക്ഷത്ര ഹോട്ടലുകളില്‍ ജോലി പരിചയം. കപ്പലില്‍ ലോകമൊട്ടുക്കും യാത്ര ചെയ്യാനുള്ള അനുമതിയുമുണ്ട്.

ഏഴ് വര്‍ഷം നീണ്ട ജോലിയ്ക്കു ശേഷം ജര്‍മന്‍ ആഡംബര കപ്പലില്‍ നല്ല ശമ്പളമുളള ജോലി കിട്ടി. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അയച്ചു. ജോലിയ്ക്കു തിരഞ്ഞെടുത്തതായി അറിയിപ്പും വന്നു. അടുത്ത മാസം ജോയിന്‍ ചെയ്യണം. ജര്‍മന്‍ കമ്പനിയില്‍ നിന്ന് വിളി വന്നാല്‍ ഉടനെ എത്തണം.

ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാന്‍ നിര്‍ദേശം കിട്ടിയതോടെ, അവയുമായി കൊച്ചിയിലേക്ക് പോകാന്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിനിനായി കാത്തിരിപ്പുമുറിയില്‍ ഇരിക്കുന്നതിനിടെ മിനിറ്റുകള്‍ മാത്രം മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ ബാഗ് കാണാനില്ല. പുറത്തിറങ്ങി തൊട്ടടുത്തുള്ള റയില്‍വേ പോലീസിനെ അറിയിച്ചു. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പൊന്തക്കാടുകളില്‍ തിരഞ്ഞു. കുറേ ബാഗുകള്‍ കണ്ടു. പക്ഷേ, അതിലൊന്നും വിഷ്ണുവിന്റെ ബാഗില്ലായിരുന്നു.

കൂടാതെ, കാത്തിരിപ്പുമുറിയില്‍ വിഷ്ണു ഇരുന്നിരുന്ന ഭാഗത്ത് സിസിടിവി ക്യാമറ ഇല്ല. അതോടെ മോഷ്ടാവിനെ കണ്ടെത്താനുള്ള ആ ശ്രമവും പരാജപ്പെട്ടു. ഇനി ഒരേരു വഴി ബാഗെടുത്തത് ആരായാലും ദയവു ചെയ്ത് വിഷ്ണുവിന് തിരിച്ചു കൊടുക്കുക.
ബാഗില്‍ ഇതുവരെ പഠിച്ചുണ്ടാക്കിയതിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍. പിന്നെ, പഴയൊരു ഫോണ്‍. കുറച്ചു വസ്ത്രങ്ങളും മാത്രമേയുള്ളൂ. ഫോണും വസ്ത്രങ്ങളും എടുത്തോളൂ, ആ ബാഗ് തിരിച്ചു തരണമെന്ന് അപേക്ഷിക്കുകയാണ് വിഷ്ണു. ഉപേക്ഷിക്കപ്പെട്ട ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടാല്‍ ട്രെയിന്‍ യാത്രക്കാര്‍ തൃശൂര്‍ റയില്‍വേ പോലീസിനെ അറിയിക്കണമെന്ന് വിഷ്ണു അഭ്യര്‍ഥിക്കുന്നു.

ജ്യേഷ്ഠനും അനിയനും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് വിഷ്ണു. പ്രതിമാസം 85,000 രൂപ ശമ്പളമുള്ള ജോലി വിഷ്ണുവിന്റെ കുടുംബത്തിന് ഏറെ ആശ്വാസമാകുമായിരുന്നു. ഇവരുടെ കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളും കള്ളന്‍ തട്ടിയെടുത്ത ആ ബാഗിലായിരുന്നു.

സംഭവം നടന്നിട്ട് ഒരാഴ്ചയായി. സര്‍ട്ടിഫിക്കറ്റുകളുടേയും പാസ്‌പോര്‍ട്ടിന്റേയും ഒറിജിനലുകള്‍ സംഘടിപ്പിക്കാന്‍ നാളേറെയെടുക്കും. ജര്‍മന്‍ കപ്പലിലെ ജോലി പോകും. സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സാധാരണ ഹോട്ടലിലെ സപ്ലൈയര്‍ ആയി ജോലി ചെയ്യേണ്ടി വരും.

Exit mobile version