വിധിയില്‍ നിരാശയില്ല, സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ എത്തും; പ്രതികരണവുമായി കനക ദുര്‍ഗ

ശബരിമലയില്‍ ദര്‍ശനം നടത്തി തിരിച്ചെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവില്‍ നിന്നും സഹോദരനില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു.

മലപ്പുറം: ശബരിമല സ്ത്രീപ്രവേശന വിഷയം വിശാല ബഞ്ചിന് കൈമാറിയതിനു പിന്നാലെ പ്രതികരണവുമായി കനകദുര്‍ഗ. ശബരിമല വിധി രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് കനക ദുര്‍ഗ പറയുന്നു. കൂടാതെ ഇപ്പോഴത്തെ വിധി നിരാശപ്പെടുത്തുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വിശാല ബെഞ്ച് കാര്യങ്ങള്‍ തീരുമാനിക്കട്ടെ, നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകും’ കനകദുര്‍ഗ്ഗ പറയുന്നു. കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയത് വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ് വഴിവെച്ചത്. ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്നാണ് സുപ്രീംകോടതിയുടെ വിധി. സ്ത്രീ പ്രവേശനം വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ് പ്രസ്താവിച്ചിരിക്കുന്നത്.

ഇതോടെ ഏഴംഗ ബഞ്ച് വിഷയം പരിഗണിക്കും. ആദ്യ കേസായാണ് ശബരിമല സ്ത്രീപ്രവേശനം പരിഗണിച്ചത്. അതേസമയം ചീഫ് ജസ്റ്റിസിന്റെ വിധിയോട് ജഡ്ജിമാരായ രോഹിങ്ക്യന്‍ നരിമാനും ഡിവൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലെ വിധി പഴയപടി നിലനില്‍ക്കും. വിധിക്ക് സ്റ്റേ നല്‍കാതെയാണ് ഏഴംഗ ബെഞ്ചിന് കൈമാറിയിരിക്കുന്നത്. 2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്.

ഇതിനു പിന്നാലെയാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനത്തിന് എത്തിയത്. ശബരിമലയില്‍ ദര്‍ശനം നടത്തി തിരിച്ചെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവില്‍ നിന്നും സഹോദരനില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ കനകദുര്‍ഗ, തന്നെയാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കോടതിവിധി നേടിയാണ് കനകദുര്‍ഗ ഭര്‍തൃവീട്ടിലേക്ക് എത്തിയത്. എന്നാല്‍ വീട്ടില്‍ തുടരാന്‍ വിസമ്മതിച്ച ഭര്‍തൃമാതാവുള്‍പ്പടെയുള്ളവര്‍ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ വിരോധത്തില്‍ കുട്ടികളെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്നും കനക ദുര്‍ഗയ പരാതിപ്പെട്ടിരുന്നു. ഒടുവില്‍ കനകദുര്‍ഗക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍ സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെങ്കില്‍ ശബരിമലയില്‍ തീര്‍ച്ചയായും ദര്‍ശനത്തിന് എത്തുമെന്നും കനക ദുര്‍ഗ വ്യക്തമാക്കി.

Exit mobile version