പരീക്ഷാ തട്ടിപ്പ് നടത്തിയവരെ മാറ്റി നിർത്തി ബാക്കിയുള്ളവർക്ക് നിയമന ശുപാർശ; തീരുമാനവുമായി പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് നടത്തിയവരെ മാറ്റി നിർത്തി പിഎസ്‌സി ആംഡ് പോലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് പട്ടികയുമായി മുന്നോട്ട് പോകാൻ പിഎസ്‌സി തീരുമാനം. റാങ്ക് ലിസ്റ്റിലെ മറ്റുള്ളവർക്ക് ഒരാഴ്ചക്കുള്ളിൽ നിയമന ശുപാർശ നൽകും. തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ട് പോകാനാണ് പിഎസ്‌സിയുടെ തീരുമാനം. പ്രതികൾ ഉൾപ്പെട്ടിരുന്ന കാസർകോട് ആംഡ് പോലീസ് കോൺസ്റ്റബിൾ ബറ്റാലിയിൻ റാങ്ക് പട്ടിക 4 മാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.

തട്ടിപ്പ് നടത്തിയ ശിവരഞ്ജിത്, നസീം, പ്രണവ് എന്നീ മൂന്ന് പ്രതികളൊഴികെ മറ്റാരും പരീക്ഷയിൽ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നിയമനവുമായി പിഎസ്‌സി മുന്നോട്ട് പോകുന്നത്. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും പിഎസ്‌സിക്ക് നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

അതേസമയം പിഎസ്‌സി പരീക്ഷാ ഹാളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. മൊബൈൽ ഫോൺ, സ്റ്റേഷനറി വസ്തുക്കൾ, വാച്ച്, പേഴ്‌സ്, ഭക്ഷ്യവസ്തുക്കൾ എന്നിവ കർശനമായി നിരോധിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചത്.

Exit mobile version