സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്കായി ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കെഎസ്ഇബി; ആദ്യഘട്ടത്തില്‍ ആറ് സ്റ്റേഷനുകള്‍

വാഹനം ചാര്‍ജ് ചെയ്യുന്നതിന് യൂണിറ്റിന് അഞ്ചുരൂപ ഈടാക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി

തിരുവനന്തപുരം; സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്കായി ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി വൈദ്യുതി ബോര്‍ഡ്. 70 ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാനാണ് തീരുമാനം. രണ്ട് ഘട്ടമായിട്ടാകും സ്‌റ്റേഷനുകള്‍ ഒരുങ്ങുക.

ആദ്യഘട്ടത്തില്‍ ബോര്‍ഡ് സ്വന്തമായി ആറു സ്റ്റേഷനുകള്‍ സ്ഥാപിക്കും. നടത്തിപ്പും ബോര്‍ഡിനായിരിക്കും. ആദ്യഘട്ടത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓലൈ (കൊല്ലം), 110 കെവി സബ് സ്റ്റേഷന്‍, കലൂര്‍ (എറണാകുളം), 110 കെവി സബ് സ്റ്റേഷന്‍ വിയ്യൂര്‍ (തൃശ്ശൂര്‍), 220 കെവി സബ് സ്റ്റേഷന്‍ നല്ലളം (കോഴിക്കോട്), 110 കെവി സബ് സ്റ്റേഷന്‍ ചൊവ്വ (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇവയ്ക്കായി 1.68 കോടി രൂപയാണ് ചെലവ്.

രണ്ടാംഘട്ടത്തില്‍ 64 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കും. ദേശീയ-സംസ്ഥാന പാതയോരത്തുള്ള കെഎസ്ഇബിയുടെ സബ്ബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേന്ദ്രസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അമ്പത് ശതമാനമോ അതില്‍ കൂടുതലോ സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

വാഹനം ചാര്‍ജ് ചെയ്യുന്നതിന് യൂണിറ്റിന് അഞ്ചുരൂപ ഈടാക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി. 20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്യാന്‍ 20 യൂണിറ്റ് ആകും. യൂണിറ്റിന് അഞ്ചുരൂപ കണക്കാക്കുമ്പോള്‍ ഒരു സാധാരണ കാറിന്റെ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ 100 രൂപയാകും.

ഒരുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര നിര്‍ദേശം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

Exit mobile version