രാത്രി കടയില്‍ കിടന്നുറങ്ങുന്നതിനിടെ മര്‍ദ്ദനം; സംഭവത്തിന് പിന്നില്‍ അയല്‍വാസികളെന്ന് ഉടമ

കൊല്ലം; രാത്രി കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ മര്‍ദ്ദിച്ചതായി പരാതി. കുളത്തുപ്പുഴ അമ്പലക്കടവില്‍ ചായക്കട നടത്തുന്ന വിജയന്‍ പിള്ളയ്ക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ ദമ്പതികളാണ് സംഭവത്തിന്‍ പിന്നിലെന്ന് വിജയന്‍ പറയുന്നു.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. വാതില്‍ പൊളിച്ച് അകത്ത് കടന്നവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് വിജയന്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കട ഉടമ കുളത്തുപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരാതി ലഭിച്ചിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമുണ്ട്.

തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് തിരികെ വരുന്നതിനിടെ വിജയന്‍ കുഴഞ്ഞു വീണു. ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കിടത്തി ചികിത്സ നിഷേധിച്ചതോടെ വിജയന്‍ പിള്ളയുമായി നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Exit mobile version