തൃശൂര്‍കാരുടെ പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ വിടവാങ്ങി

തൃശൂര്‍: തൃശൂരിന്റെ പുലിക്കളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ വിടവാങ്ങി. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയവെ തൃശൂരിലെ കല്ലൂരിലുള്ള മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തടിച്ച് കുടവയറുള്ളവര്‍ക്ക് മാത്രമല്ല, മെലിഞ്ഞവര്‍ക്കും പുലിക്കളി ആരാധകരെ നേടാന്‍ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ് ചാത്തുണ്ണി ആശാന്‍.

2017 ല്‍ തൃശൂരില്‍ പുലികളി നടക്കുന്നതിനിടെ വീണു കാലിനു പരുക്കേറ്റ ശേഷം ചാത്തുണ്ണി ആശാന്‍ പിന്നീട് പുലിവേഷം കെട്ടിയിട്ടില്ല. എന്നാല്‍ ഇത്തവണ പുലിവേഷം കെട്ടണമെന്ന് ആഗ്രഹിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അതിനും സാധിച്ചില്ല.

അഞ്ച് പതിറ്റാണ്ടിലേറെക്കാലം തൃശൂരിലെ പുലിക്കളി മഹോത്സവത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ചാത്തുണ്ണി ആശാന്‍ 41 ദിവസത്തെ വ്രതമെടുത്ത്, മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് പുലിവേഷം കെട്ടാന്‍ എത്തിയിരുന്നത്. പൂങ്കുന്നം ദേശത്തിന്റെ പുലിമടയില്‍ നിന്നാണ് ചാത്തുണ്ണി ആശാന്‍ വേഷം കെട്ടാന്‍ തുടങ്ങിയത്. പിന്നീട് നായ്ക്കനാല്‍ പുലികളി സമാജത്തിലെ അംഗമായി.

Exit mobile version