പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം; പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയില്‍ മാനസികാസ്വാസ്ഥ്യമുള്ളവര്‍ വേണ്ടെന്നും തിരു. അഡീഷണല്‍ കമ്മീഷണര്‍

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയില്‍ നിയോഗിക്കരുതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് തിരു. അഡീഷണല്‍ കമ്മീഷണര്‍ ഹര്‍ഷിത അത്തല്ലൂരി നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയില്‍ നിയോഗിക്കരുതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് തിരു. അഡീഷണല്‍ കമ്മീഷണര്‍ ഹര്‍ഷിത അത്തല്ലൂരി നിര്‍ദ്ദേശം നല്‍കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും തിരു. അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു.

മാനസികരോഗമുള്ള വനിത പോലീസുകാരി മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. നിയമസഭയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പോലീസുകാരിക്ക് മാനസികാസ്വാസ്ഥ്യമാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു പോലീസുകാരി. തിരികെ പ്രവേശിപ്പിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് നിയമസഭയ്ക്ക് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും കമ്മീഷണര്‍ ഓഫീസ് വ്യക്തമാക്കി.

ഇന്നലെ നിയമസഭയ്ക്ക് മുന്നില്‍വെച്ചാണ് ജയ്ഹിന്ദ് ടിവിയിലെ ക്യാമാറാമാനെ പോലീസുകാരി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ ചരമവാര്‍ഷിക ദിനാചരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ക്യാമാറാമാന്‍. ക്യാമറ നശിപ്പിക്കാനുള്ള ശ്രമമുണ്ടായി. വീണ്ടും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും കമ്മീഷണര്‍ ഓഫീസ് അറിയിച്ചു.

Exit mobile version