ബംഗാൾ ഉൾക്കടലിലെ ‘ബുൾ ബുൾ’ അതിതീവ്ര ചുഴലിക്കാറ്റാകും; വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ

തിരുവനന്തപുരം: മഹ ഭീതി ഒഴിഞ്ഞതിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുൾബുൾ ചുഴലിക്കാറ്റായി. ഈ ചുഴലിക്കാറ്റ് വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പ്രവചനമുണ്ട്. ഇത് ഇപ്പോഴത്തെ പാതയിൽനിന്നു തിരിഞ്ഞ് പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ബുൾബുളിന്റെ സ്വാധീനംകാരണം കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞദിവസം പ്രഖ്യാപിച്ച മഞ്ഞജാഗ്രതയിൽ കാലാവസ്ഥാവകുപ്പ് മാറ്റംവരുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതൽ ജില്ലകളിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുണ്ട്.

വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ മാത്രമാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും മഞ്ഞജാഗ്രത നിലവിലുണ്ട്.
അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് ന്യൂനമർദ്ദമായി മാറിയിട്ടുമുണ്ട്.

Exit mobile version