ശബരിമലയിൽ കറുപ്പുടുത്ത് പോലീസിനെ ഡ്യൂട്ടിക്ക് അയക്കില്ല; യൂണിഫോം നിർബന്ധം; അവധിയെടുത്ത് ദർശനമാകാം: തെലങ്കാന കമ്മീഷണർ

ഹൈദരാബാദ്: ശബരിമലയിൽ മണ്ഡലകാലത്ത് കറുപ്പുടുത്ത് പോലീസുകാരെ ഡ്യൂട്ടിക്ക് അയക്കാനാകില്ലെന്ന് തെലങ്കാന രചകൊണ്ട പോലീസ് കമ്മീഷണറുടെ സർക്കുലർ. ശബരിമല ദർശനത്തിന് വേണ്ടി വ്രതമെടുക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടിക്ക് പ്രവേശിക്കണമെങ്കിൽ യൂണിഫോം നിർബന്ധമായും ധിരിച്ചിരിക്കണമെന്നും ദർശനം ലക്ഷ്യമിടുന്നവർക്ക് അവധിയെടുത്ത് ശബരിമലയിലേക്ക് പോകാമെന്നും പോലീസ് കമ്മീഷണർ മഹേഷ് ഭഗവത് അയച്ച സർക്കുലറിൽ പറയുന്നു.

നവംബർ 1നാണ് സർക്കുലർ പുറത്തിറക്കിയത്. കറുപ്പുടുത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിരവധി പോലീസുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്. നിയമം ആവശ്യപ്പെടുന്ന തരത്തിലുള്ള യൂണിഫോം, ഷൂസ്, മറ്റ് വസ്ത്രങ്ങൾ ഇവ ഇല്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ജോലി ചെയ്യാൻ അനുവാദം നൽകുന്നതല്ല. ആർക്കെങ്കിലും വ്യക്തിപരമായി വ്രതം അനുഷ്ഠിച്ച് ശബരിമല ദർശനം നടത്തണമെന്നുണ്ടെങ്കിൽ അവധിയെടുത്ത് അത് ചെയ്യണം. പോലീസ് സേന പോലൊരു സേനയിൽ ഒരാൾക്കും അതല്ലാതെ അനുവാദം നൽകാനാവില്ലെന്നും സർക്കുലറിൽ പറയുന്നു.

ആരെങ്കിലും വിശ്വാസപരമായ ചടങ്ങുകൾ നടത്തുന്നതിന് വേണ്ടി രണ്ട് മാസത്തെ അവധി ചോദിക്കുകയാണെങ്കിൽ ഔദ്യോഗിക ഡ്യൂട്ടിയെ ബാധിക്കാത്ത തരത്തിൽ നൽകുമെന്നും സർക്കുലറിൽ പറയുന്നു.

Exit mobile version