16 ബോഗികളുള്ള പാസഞ്ചര്‍ നിര്‍ത്തലാക്കി 11 കോച്ചുകളുള്ള മെമു സര്‍വ്വീസ് ആരംഭിച്ചു; കറുത്ത ബാനറും ബാഡ്ജും ധരിച്ച് പ്രതിഷേധവുമായി യാത്രക്കാര്‍

കൊച്ചി: 16 ബോഗികളുള്ള പാസഞ്ചര്‍ നിര്‍ത്തലാക്കി 11 കോച്ച് ഉള്ള മെമു സര്‍വ്വീസ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി സ്ഥിരം യാത്രക്കാര്‍. എല്ലാ സ്റ്റേഷനിലും കറുത്ത ബാനറും ബാഡ്ജും ധരിച്ചാണ് യാത്രക്കാര്‍ രംഗത്തെത്തിയത്. ബോഗികളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.

ആലപ്പുഴ- എറണാകുളം ട്രെയിന്‍ റൂട്ടിലെ സ്ഥിരം യാത്രക്കാരാണ് പ്രതിഷേധം നടത്തുന്നത്. 16 ബോഗികളുമായി രാവിലെ ആലപ്പുഴയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന 66314 പാസഞ്ചര്‍ നിര്‍ത്തലാക്കി 11 കോച്ചുള്ള മെമു ആണിപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

തുറവൂര്‍, എഴുപുന്ന, അരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് തിരക്ക് കാരണം പലപ്പോഴും യാത്രക്കാര്‍ക്ക് വണ്ടിയില്‍ കയറാന്‍ കഴിയാറില്ല. മറ്റ് സംസ്ഥാനങ്ങളിലെ പോലെ 16 ബോഗികളുള്ള മെമു ഉപയോഗിക്കുക, കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക തുടങ്ങിയവയാണ് യാത്രക്കാരുടെ ആവശ്യം.

Exit mobile version