സ്ത്രീകള്‍ വരുന്നുണ്ടോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല ഞങ്ങളുടെ സമരം! കമ്മ്യൂണിസ്റ്റ്ക്കാര്‍ക്ക് എതിരെയാണെന്ന് ശ്രീധരന്‍പിള്ള

ഞങ്ങളുടെ സമരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയാണെന്ന് അദ്ദേഹം പറയുന്നു.

പത്തനംതിട്ട: ശബരിമലയില്‍ അരങ്ങേറുന്ന സമരം സ്ത്രീപ്രവേശനത്തെ ചൊല്ലിയല്ലെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഞങ്ങളുടെ സമരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയാണെന്ന് അദ്ദേഹം പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. സ്ത്രീകള്‍ വരാതിരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ബിജെപി സമരത്തില്‍ നിന്ന് പിന്മാറുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകള് വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ അവരുടെ വീട്ടില്‍ പോകുന്നത് അതിനുവേണ്ടിയാണ്. അല്ലാതെ അവിടെ സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ല.’ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ടാണ് ബിജെപി സമരവുമായി രംഗത്തുവന്നത്. വിധി വരുന്നതിനു മുമ്പ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന ബിജെപി ആര്‍എസ്എസ് നേതൃത്വം വിധി വന്നതിനു പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റി പ്രതിഷേധ രംഗത്തിറങ്ങിയത്.

Exit mobile version