വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം; പാലക്കാട് യുഡിഎഫിന്റെ ഹര്‍ത്താല്‍ ആരംഭിച്ചു

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് പാലക്കാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പെണ്‍കുട്ടികളുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ ഏകദിന ഉപവാസ സമരം നടത്തിയിരുന്നു.

അതേസമയം പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും സമരം ശക്തമാക്കിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ റിലേ സത്യാഗ്രഹം തുടരുകയാണ്.

Exit mobile version