നാട്ടിലേയ്ക്ക് പോകുന്നതിനായി പെട്ടികള്‍ ഒരുക്കി വെച്ചു; ഉറക്കത്തില്‍ മരിച്ചു, നോവായി മലയാളി പ്രവാസി

വീട്ടിലേയ്ക്ക് വരുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും ഷാജി നടത്തിയിരുന്നു.

വര്‍ക്കല: നാട്ടിലേയ്ക്ക് പോകുന്നതിനായി തലേദിവസം പെട്ടികള്‍ കെട്ടിവെച്ച് ഉറങ്ങിയ പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല പെരുമാതുറ സ്വദേശി അക്കരവിള പണയില്‍ വീട് ഷാജി(48)യാണ് ഉറക്കത്തിനിടെ മരണപ്പെട്ടത്. 13 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് ഷാജി നാട്ടിലേയ്ക്ക് തിരിക്കാന്‍ ഒരുങ്ങിയത്.

വീട്ടിലേയ്ക്ക് വരുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും ഷാജി നടത്തിയിരുന്നു. ഇതാണ് ഏറെ വേദനാജനകമായത്. സൗദിയിലെ ഉനൈസയില്‍ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെ 11.05 ന്റെ വിമാനത്തില്‍ നാട്ടിലേയ്ക്ക് പോകാനിരുന്നതായിരുന്നു. രാവിലെ ഏറെ വൈകിയും മൊബൈലില്‍ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

ഉറക്കത്തിലെ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. സന്ദര്‍ശന വിസയിലുണ്ടായിരുന്ന കുടുംബം മൂന്നാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. മൃതദേഹം സൗദിയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: പരേതനായ സൈനുദ്ദീന്‍, മാതാവ്: സഫാറ, ഭാര്യ: റൂബി, മക്കള്‍: സൗമ്യ (21), ആദില്‍(17).

Exit mobile version