പിജെ ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ്, സിഎഫ് തോമസ് ഡപ്യൂട്ടി ലീഡര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തു. സിഎഫ് തോമസാണ് ഡപ്യൂട്ടി ലീഡര്‍. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കിയ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് പിജെ ജോസഫ് അറിയിച്ചു. വര്‍ക്കിംഗ് ചെയര്‍മാന് തന്നെയാണ് പാര്‍ട്ടി ചെയര്‍മാന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പാര്‍ട്ടിയുടെ 5 എംഎല്‍എമാരില്‍ മൂന്നുപേര്‍ പങ്കെടുത്തു. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ തങ്ങള്‍ (ജോസഫ് പക്ഷം) തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അഞ്ചു പേരില്‍ മൂന്നു പേര്‍ പങ്കെടുത്തു. കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്നു പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാഞ്ഞത്.

ഇന്ന് വിധി വന്നിട്ടും കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ജോസ് കെ മാണി പക്ഷം തയ്യാറായില്ല. അവരെ കമ്മിറ്റിയുണ്ടെന്ന് അറിയിച്ചതാണ്. അവര്‍ക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നെന്നും പിജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കട്ടപ്പന കോടതിയുടെ വിധി അനുകൂലമെന്ന ജോസ് കെ മാണിയുടെ വാദം കളളമാണെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി സത്യത്തെ വളച്ചൊടിക്കുകയാണ്. ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തത് കോടതി റദ്ദാക്കിയിരുന്നു. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് അധികാരം. വിധിയില്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസ് കെ മാണിയുടെ കത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിജെ ജോസഫിനോട് വിശദീകരണം തേടിയിരുന്നു. യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്നായിരുന്നു ജോസ് കെ മാണിയുടെ വാദം. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

ജോസ് കെ മാണിയെ ചെയര്‍മാനാക്കിയത് തടഞ്ഞുകൊണ്ടുള്ള ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവ് കട്ടപ്പന സബ് കോടതിയും ശരിവെക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

Exit mobile version