ഏറ്റവും അപമാനിക്കപ്പെട്ട ദിവസമെന്ന് ബിനീഷ് ബാസ്റ്റിൻ

കൊച്ചി: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ കോളജ് യൂണിയന്റെ പരിപാടിക്കിടെ അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ബിനീഷ് ബാസ്റ്റിൻ. താൻ ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണ് കഴിഞ്ഞുപോയതെന്ന് ബിനീഷ് പറഞ്ഞു. തനിക്കൊപ്പം വേദി പങ്കിടാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ വിശദീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും അപമാനിക്കപ്പെട്ട ദിവസമായിരുന്നു അത്. പരിപാടിക്ക് ചീഫ് ഗസ്റ്റാണെന്ന് പറഞ്ഞ് ചെയർമാൻ വിളിച്ചത് മിനിഞ്ഞാന്നാണ്. ഇടുക്കിയിൽ നിന്ന് സ്വന്തം വണ്ടിയിൽ പാലക്കാടേക്ക് ചെന്നു. അവിടെ ചെന്നപ്പോ ഡ്രസ് ഒക്കെ മാറാൻ സ്ഥലം ചോദിച്ചപ്പോൾ ഹോട്ടൽ തന്നെ അവർ തന്നു. ഹോട്ടലിലെത്തിയപ്പോൾ ചെയർമാനും മറ്റുള്ള കുറച്ച് വിദ്യാർത്ഥികളും ഭയങ്കര ഡെസ്പായിട്ട് തന്നെ വന്നു കണ്ടു. ചേട്ടാ ചേട്ടനോട് ഒരിക്കലും ഞങ്ങൾ പറയാനാഗ്രഹിക്കാത്ത കാര്യമാണ് പറയാൻ പോകുന്നതെന്ന് തുടങ്ങിയാണ് അവർ അനിൽ രാധാകൃഷ്ണന്റെ അതൃപ്തി വെളിപ്പെടുത്തിയതെന്ന് ബിനീഷ് പറയുന്നു.

എന്തായാലും മച്ചാനേ പറഞ്ഞോ നമ്മളെല്ലാം ഫ്രണ്ട്‌സല്ലേ പറഞ്ഞോന്ന് അവരോട് പറഞ്ഞതോടെ, മറ്റൊരു ഗസ്റ്റായ അനിൽ രാധാകൃഷ്ണ മേനോൻ താങ്കൾ ഗസ്റ്റായിട്ട് വന്നാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, അദ്ദേഹത്തിന്റെ സിനിമകളിൽ പണ്ട് താൻ ചാൻസ് ചോദിച്ച് നടന്നിരുന്നയാളാണ് എന്നാണ്. ഏറ്റവും താഴേക്കിടയിൽ നിൽക്കുന്നയാൾക്കൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് അവർ പറഞ്ഞു.

‘സ്വാഭാവികമായും പ്രിൻസിപ്പാൾ അദ്ദേഹത്തിന്റെ കൂടെ നിന്നു. എന്നെ ഹൈഡ് ചെയ്ത് വയ്ക്കണം എന്നാണ് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞത്. ഞാൻ ചെന്ന് കഴിഞ്ഞപ്പോൾ എന്നെ പ്രിൻസിപ്പാൾ തടഞ്ഞു. പ്രിൻസിപ്പാൾ എന്നോട് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു. ആ കോളേജിലെ പരിപാടിക്ക് അതിഥിയായി വിളിച്ചിട്ട് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാനാ സ്റ്റേജിൽ കേറി, ഞാൻ തറയിൽ നിന്ന് വന്നയാളാണ്. അതുകൊണ്ടാണ് തറയിലിരുന്ന പ്രതിഷേധിച്ചത്.’-ബിനീഷ് ബാസ്റ്റിൻ പറയുന്നു.

‘ഏറ്റവും സങ്കടപ്പെട്ട ദിവസമാണ്. ആരെയും വഴക്ക് പറഞ്ഞില്ല. എനിക്ക് അവർ മൈക്ക് തന്നില്ല. എന്തുകൊണ്ടാണ് എന്റെ കൂടെ സ്റ്റേജ് പങ്കിടാൻ അനിൽ രാധാകൃഷ്ണ മേനോൻ സാറിന് പറ്റാത്തത്? ഞാനങ്ങനെ ഒരു പ്രതികരണവുമായി വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല. ഞാൻ ജാതിസ്പിരിറ്റ് കാണുന്ന ഒരാളല്ല. ദൂരെ നിന്ന് പോലും അദ്ദേഹത്തിന് എന്നെ കാണാൻ അറപ്പുണ്ടെന്നാണ് ഞാൻ മനസിലാക്കിയത്,’ ബിനീഷ് ബാസ്റ്റിൻ വിഷമത്തോടെ പറയുന്നു.

തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കോളേജ് പ്രിൻസിപ്പാളിന്റെ വാദം തെറ്റാണെന്നും താരം പറഞ്ഞു. സംഭവത്തിൽ വിദ്യാർത്ഥികൾ പലതവണ തന്നോട് മാപ്പ് പറഞ്ഞെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. നേരത്തെ കോളജ് ഔദ്യോഗികമായി അനിൽ രാധാകൃഷ്ണ മേനോനെ മാത്രമെ ഗസ്റ്റായി വിളിച്ചിട്ടുള്ളുവെന്ന് പ്രിൻസിപ്പാൾ ഡോ. ഗുലാസ് പ്രതികരിച്ചിരുന്നു. ഈ വിഷയത്തിലാണ് ബിനീഷിന്റെ പ്രതികരണം.

അതേസമയം, ബിനീഷിന് താൻ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ക്ഷമ ചോദിക്കുന്നതായി സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. താൻ ബിനീഷിനെ മൂന്നാംകിട നടനെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Exit mobile version