മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിലോമീറ്റർ അകലെ; ഉച്ചയോടെ കൂടുതൽ കരുത്ത് പ്രാപിക്കും

കോഴിക്കോട്: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പായി കൂടുതൽ ശക്തി പ്രാപിക്കുമെന്ന് നിരീക്ഷണം. മണിക്കൂറിൽ 15 കിമീ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ‘മഹ’യെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ലക്ഷദ്വീപിലെ അമിനിയിൽ തെക്ക് കിഴക്കായി 30 കിമീ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 300 കിലോമീറ്റർ ദൂരത്തും വടക്ക് കവരത്തിയിൽ നിന്നും 60 കിമീ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. 61 കിമീ മുതൽ 90 കിമീ വരെ വേഗതയുള്ള ഘട്ടത്തിലാണ് ഇപ്പോൾ മഹ ചുഴലിക്കാറ്റ്.

ഇന്ന് ഉച്ചയ്ക്ക് മുമ്പ് ‘മഹ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്നാണ് നിഗമനം. ശേഷമുള്ള 24 മണിക്കൂറിൽ മഹ വീണ്ടും ശക്തി വർധിച്ച് അതിശക്തമായ ചുഴലിക്കാറ്റ് (Very Severe Cyclonic Storm) ആയി മാറാനാണ് സാധ്യത. ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത.

‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version