അവധി പ്രഖ്യാപിച്ച താലൂക്കില്‍ ശനിയാഴ്ച പ്രവൃത്തിദിവസം ആക്കണം, അപ്പോള്‍ ഞങ്ങള്‍ക്ക് ആശ്വാസം കിട്ടും; ഭാഗികമായി അവധി പ്രഖ്യാപിച്ച കളക്ടറുടെ ഫേസ്ബുക്കില്‍ ‘മേഞ്ഞ്’ വിദ്യാര്‍ത്ഥികള്‍

തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

കൊച്ചി: കനത്ത മഴയും മഹ ചുഴലിക്കാറ്റിനെയും തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചയാവുന്നത് എറണാകുളം കളക്ടറുടെ അവധി പ്രഖ്യാപനമാണ്. പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നാലു താലൂക്കുകളില്‍ മാത്രമാണ് എറണാകുളം കളക്ടര്‍ എസ് സുഹാസ് അവധി പ്രഖ്യാപിച്ചത്.

തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ അപേക്ഷകളുടെയും പരിഭവങ്ങളുടെയും പ്രവാഹമാണ്. അവധി പ്രഖ്യാപനം ജില്ല മുഴുവനായും നടത്താതിന്റെ പേരിലാണ് പരിഭവങ്ങളും പരാതികളും ഉയരുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥിതിക്ക് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കണമെന്നാണ് ഒരാളുടെ ആവശ്യം. ഇതിനിടയില്‍ സ്വയം ആശ്വസിക്കാനും ഒരാള്‍ വഴി കണ്ടെത്തി.

‘അവധി പ്രഖ്യാപിച്ച താലൂക്കില്‍ ഉള്ളവര്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിവസം ആണെന്ന് പ്രഖ്യാപിച്ചാല്‍ ബാക്കി താലൂക്കിലുള്ളവര്‍ക്ക് ഒരു ആശ്വാസം കിട്ടും’ ഇങ്ങനെയും കുറിച്ചു ഒരു വിരുതന്‍. യൂണിഫോം അലക്കിയിട്ടിരിക്കുകയാണെന്നും കനത്ത മഴ ആയതില്‍ യൂണിഫോം ഉണങ്ങിയിട്ടില്ലെന്നും അതിനാല്‍ അവധി പ്രഖ്യാപിക്കണമെന്നുമായി മറ്റു ചിലര്‍ ആവശ്യം ഉയര്‍ത്തി. അവധി പ്രഖ്യാപിച്ച താലൂക്കുകളില്‍ മാത്രമല്ല തങ്ങളുടെ താലൂക്കുകളിലും മഴ പെയ്യുന്നുണ്ടെന്നും സാര്‍ വലിയവനാണ് ഒരു അവധി പ്രതീക്ഷിക്കുന്നെന്നും പറയുന്നവരും ഉണ്ട്.

Exit mobile version