പ്രതി വിപിന്‍ കാര്‍ത്തിക്കിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

തൃശ്ശൂര്‍: ഐപിഎസ് ഓഫീസറുടെ വേഷംകെട്ടി കോടികളുടെ തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക്കിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സംസ്ഥാനത്ത് വിപിനിന് നേരെ 15 ഓളം കേസുകള്‍ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ഇതില്‍ മിക്കതും ഐപിഎസ് ഓഫീസര്‍ വേഷം കെട്ടി നടത്തിയ തട്ടിപ്പുകളാണ്. ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ അമ്മ ശ്യാമളക്കൊപ്പമാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.

വിപിന്റെ അമ്മ ശ്യാമളയുടെ വിദ്യഭ്യാസം പത്താം ക്ലാസ് ആണ്. വിപിന്‍ കാര്‍ത്തിക് രണ്ട് വര്‍ഷം ബി.ടെകിന് പഠിച്ചെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. പിന്നീട് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ചേര്‍ന്നു. തിരിച്ചറിയല്‍ രേഖകള്‍ തിരുത്തുന്നതിനാല്‍ പലയിടത്തും പല പേരിലാണ് കേസുകള്‍. ആധാറിലെ വിവരങ്ങള്‍ എളുപ്പത്തില്‍ തിരുത്താമെന്ന് കണ്ടെത്തി ആ സൗകര്യവും പ്രതികള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

വേഗത്തില്‍ അടുപ്പം കൂടുകയും പിന്നീട് അവരുടെ കുടുംബത്തിലെ അംഗങ്ങളെന്നപോലെ ബന്ധമുണ്ടാക്കുകയും ചെയ്താണ് സുധാദേവിയെ കബളിപ്പിച്ചത്. ചികിത്സയ്ക്കും ചില ബാധ്യതകള്‍ തീര്‍ക്കാനുമായി പണം വേണമെന്നാവശ്യപ്പെട്ടാണ് സുധാദേവിയില്‍നിന്ന് സ്വര്‍ണ്ണവും പണവും വാങ്ങിയത്. 97 പവന്‍ സ്വര്‍ണ്ണവും 25 ലക്ഷം രൂപയും നഷ്ടപ്പെട്ട സുധാദേവി നല്‍കിയ പരാതിയാണ് അമ്മയേയും മകനെയും കുടുക്കിയത്.

പോലീസ് എത്തുമ്പോഴേക്കും മകന്‍ രക്ഷപ്പെട്ടു. ഒടുവില്‍ അമ്മ കുടുങ്ങി. അറസ്റ്റിലായ ശ്യമള റിമാന്റിലാണ്. വിപിനിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Exit mobile version