വാളയാര്‍ കേസ്; തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്ന് സൂചന. തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി കാണുന്നത്. ഇതിനായി ഇവര്‍ പാലക്കാട് നിന്ന് പുറപ്പെട്ടു.

അതേസമയം, പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരത്തില്‍ ഇന്ന് സംസ്ഥാന നേതാക്കളും പങ്കെടുക്കും. വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് സംഘടിപ്പിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് കെപിസിസി. പ്രതിഷേധ മാര്‍ച്ചിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണോദ്യോഗസ്ഥന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചെന്ന വിവരം ഇന്നലെ വൈകിട്ടോടെ പുറത്തു വന്നിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ മാറ്റണമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജന്‍ 2017ല്‍ തന്നെ സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന വിവരമാണ് പുറത്തുവന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം തന്നെ സാധാരണക്കാരായ ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വന്‍ പ്രതിഷേധം നേരിടുന്ന കേസില്‍ ദേശീയ കമ്മീഷനുകളും ശക്തമായ നിലപാട് ആണ് എടുത്തത്. പുനരന്വേഷണം വേണമെന്ന നിലപാട് വിവിധ കോണുകളില്‍ നിന്നുയരുമ്പോള്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലാണ്. മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version