കനത്ത മഴ; തിരുവനന്തപുരത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

പാറശാലയ്ക്കും നെയ്യാറ്റിന്‍ കരയ്ക്കും ഇടയിലാണ് ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണത്.

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. പാറശാലയ്ക്കും നെയ്യാറ്റിന്‍ കരയ്ക്കും ഇടയിലാണ് ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് പരശുറാം എക്സ്പ്രസിനെ വഴിയില്‍ പിടിച്ചിട്ടു. പിന്നീട് മണ്ണ് നീക്കം ചെയ്തതിനു ശേഷമാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. അറബി കടലില്‍ രൂപംകൊണ്ട ന്യൂന മര്‍ദ്ദം ശക്തിപ്രാപിച്ച് മഹാ ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം കനത്ത മഴ പെയ്യുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ലക്ഷദ്വീപിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Exit mobile version