വാളയാര്‍ കേസിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ എല്ലാ പിന്തുണയും; ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍

തിരുവനന്തപുരം: വാളയാര്‍ കേസിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുവാനുള്ള നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍. പ്രതികളെ വെറുതെ വിട്ട സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ കൊടുക്കുന്നതിന് പുറമെ, കോടതി വഴി പുനരന്വേഷണത്തിനുള്ള സാധ്യത ആരായുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

അന്വേഷണത്തിലും, വിചാരണയിലും വീഴ്ച വന്നതായുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

2017 ജനുവരിയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയും, മാര്‍ച്ചില്‍ സഹോദരിയായ 9 വയസ്സുള്ള പെണ്‍കുട്ടിയും മരണപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ നടത്തിയ ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്നാണ് നാല് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായത്.

നീതി ഉറപ്പാക്കാനും പ്രതികള്‍ രക്ഷപ്പെടാതിരിക്കാനുമുള്ള മുഖ്യമന്ത്രിയുടെയും, പട്ടിക വിഭാഗ ക്ഷേമ – നിയമകാര്യ മന്ത്രിയുടെയും സത്വര ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. അന്വേഷണത്തില്‍ വീഴ്ചയുള്ളതായി ഒരുവിധ ആരോപണവും വിചാരണ തീരും വരെ ഉണ്ടായിരുന്നില്ല. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കോടതി കുറ്റപത്രം സ്വീകരിച്ച് വിചാരണ നടപടികള്‍ ആരംഭിച്ച ശേഷം കോടതിക്കല്ലാതെ സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടാന്‍ നിയമപരമായി കഴിയുകയുമില്ല.

അന്വേഷണത്തെ തുടര്‍ന്ന് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടറുടെ പരിശോധനയ്ക്ക് വിധേയമാണ്. പോരായ്മകളുണ്ടെങ്കില്‍ വിചാരണയ്ക്ക് മുന്‍പ് തന്നെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടാനുള്ള നിയമപരമായ പോംവഴികളും തേടാവുന്നതാണ്.

എന്നാല്‍ അത്തരത്തിലൊരു നടപടിയും ഈ കേസിലുണ്ടായിട്ടില്ല. മറിച്ച് കോടതി പ്രതികളെ വെറുതെ വിട്ടപ്പോഴാണ് വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. കോടതി വിധിയിലുള്ള അതൃപ്തി സര്‍ക്കാരിനെതിരായി തിരിച്ച് വിടാനുള്ള രാഷ്ട്രീയ പ്രേരിതമായ ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്.

2011-12 ല്‍ യുഡിഎഫ് കാലത്ത് നിയമിച്ച് ഏഴ് വര്‍ഷമായി തുടരുന്ന പ്രോസിക്യൂട്ടര്‍ തന്നെയാണ് വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചത്. പ്രതിപക്ഷത്തിന് കൂടി സ്വീകാര്യനായ പോലീസ് ഓഫീസറാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പരിഗണനകള്‍ കേസന്വേഷണത്തിലും കേസ് നടത്തിപ്പിലും ഉണ്ടായതായി പറയാനാവില്ല, വിധി പരിശോധിക്കുമ്പോള്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതാണ് പ്രതികളെ വിട്ടയക്കാന്‍ ഇടയായത് എന്ന് കാണാവുന്നതാണ്.

വിധിയില്‍ അപാകതകള്‍ ഉണ്ടോ എന്നും വിചാരണാ വേളയില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങളോടൊപ്പം പുനരന്വേഷണത്തിനുള്ള സാധ്യതയും അപ്പീല്‍ നല്‍കുമ്പോള്‍ പരിശോധിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ എല്ലാ പോംവഴികളും സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കുവാനുള്ള സര്‍ക്കാരിന്റെ തുടര്‍ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാവുന്നതാണ്.

വിചാരണ പൂര്‍ത്തീകരിച്ച് എതിര്‍വിധി വന്നശേഷം കേവലമായ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചത് കൊണ്ട് മാത്രം ഇരകള്‍ക്ക് നീതി ഉറപ്പ് വരുത്താനാവില്ല. നിയമപരമായ പോംവഴികളും പോരാട്ടവുമാണ് അതിനായി സ്വീകരിക്കേണ്ടത്. ഇരകള്‍ക്ക് നീതി ലഭിക്കാനും, പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാനും സ്വീകരിക്കുന്ന എല്ലാ വിധ നടപടികള്‍ക്കും ആള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നെന്ന് സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. സിപി പ്രമോദ് അറിയിച്ചു.

Exit mobile version