അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണം; കാനം

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതികളോട് യോജിപ്പില്ല. എന്നാല്‍ ഇവരുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും ചെയ്യാന്‍ പാടില്ലാത്തതാണ് അട്ടപ്പാടിയില്‍ പോലീസ് ചെയ്തത്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും കാനം പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും ചെയ്യാന്‍ പാടില്ലാത്തതാണ് അട്ടപ്പാടിയില്‍ പോലീസ് ചെയ്തത്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. തലയില്‍ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്. മണിവാസകം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നാണ് വിവരം. ഒരു പോലീസുകാരനെങ്കിലും പരിക്കേറ്റിട്ടുണ്ടോ?’ എന്നും കാനം ചോദിച്ചു.

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരം. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് എതിരായ നിലപാടാണ് ഇടത് പാര്‍ട്ടികളുടേതെന്നും കാനം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും , ജനങ്ങളെ സത്യാവസ്ഥ അറിയിക്കണം എന്നും കാനം ആവശ്യപ്പെട്ടു.

അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചാല്‍ അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നീക്കമാണ് നടത്തേണ്ടിയിരുന്നത്. അല്ലാതെ തണ്ടര്‍ബോള്‍ട്ട് വധശിക്ഷ വിധിക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലും പ്രസ്താവനയില്‍ പറഞ്ഞു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതികളോട് യോജിപ്പില്ല. എന്നാല്‍ ഇവരുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Exit mobile version