ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തായി രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയെന്നും അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് ആറു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ ലക്ഷദ്വീപ് ഉള്‍പ്പെടുന്നതിനാലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. കടലില്‍ പോയവരെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Exit mobile version