വാളയാര്‍ കേസ്: സംസ്ഥാന എസ്‌സി/എസ്ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സംസ്ഥാന എസ്‌സി/എസ്ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷണം ശരിയായ രീതിയിലായിരുന്നില്ലെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടല്‍ നടത്തിയതിന് പിന്നാലെ മാത്രമാണ് സംസ്ഥാനത്തെ പട്ടികജാതി കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുന്നത് എന്നത് ശ്രദ്ധേയമായി. കേസ് അന്വേഷണത്തില്‍ അട്ടിമറി നടന്നെന്ന ആരോപണത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്.

വാളയാറില്‍ സന്ദര്‍ശനം നടത്തിയ ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ കേസ് അന്വേഷണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആദ്യഘട്ടം മുതല്‍ വാളയാര്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അട്ടിമറിച്ചെന്ന് ദേശീയ എസ്‌സി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ കേസ് ഏറ്റെടുത്ത കമ്മീഷന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ഡല്‍ഹി ഓഫീസിലെത്താന്‍ ആവശ്യപ്പെടുമെന്നും അറിയിച്ചു.

ദേശീയ ബാലാവകാശ കമ്മീഷനും കേസില്‍ ഇടപെട്ടിട്ടുണ്ട്. കമ്മീഷന്റെ അന്വേഷണസംഘം വാളയാറിലെ വീട്ടില്‍ എത്തി മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും. സുപ്രീം കോടതി അഭിഭാഷകന്‍ ഉള്‍പ്പെടെ അടങ്ങിയ സംഘമാണ് എത്തുന്നത്.

Exit mobile version