ഇനി പോലീസ് അപ്പീലിനു പോയിട്ടും അന്വേഷിച്ചിട്ടും കാര്യമില്ല; പൊട്ടിത്തെറിച്ച് വാളയാറിലെ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസ് ഇനി പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പെൺകുട്ടികളുടെ അമ്മ. അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തിൽ അപ്പീലിന് പോകുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പെൺകുട്ടികളുടെ അമ്മ. പോലീസ് ഇനി അപ്പീൽ പോവുന്നതിലും അന്വേഷിക്കുന്നതിലും കാര്യമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അതേസമയം,തെളിവുകളുടെ അഭാവത്തിൽ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്കെതിരെ പോലീസ് അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. വിധിപ്പകർപ്പ് കിട്ടിയാലുടൻ ഇത് പരിശോധിച്ച് പോലീസും നിയമവകുപ്പും ചേർന്ന് അപ്പീൽ തയ്യാറാക്കും. അന്വേഷണത്തിൽ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡിഐജി പറയുന്നത്.

പീഡനത്തിന് ഇരയായി 13ഉം 9ഉംവയസുള്ള പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബർ 25-ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

Exit mobile version