ജീവന്‍ പണയം വെച്ച് കൂരകളില്‍ കഴിയുന്നത് എട്ടോളം കുടുംബങ്ങള്‍! പുല്‍പ്പള്ളി കൊട്ടമുരട് ആദിവാസി കോളനിയിലെ സ്ഥിതി ദയനീയം

ഇവരുടെ ജീവിതം അങ്ങേയേറ്റം ദുരിതമായി തീരുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഭവന നിര്‍മാണ പദ്ധതികളിലൊന്നും ഈ കുടുംബങ്ങള്‍ ഉള്‍പ്പെടാതെ പോകുന്നു.

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുല്‍പള്ളി പണിയ കോളനിയിലെ എട്ടോളം കുടുംബങ്ങളുടെ ജീവിതം ദുരിതത്തില്‍. ഇവരുടെ ജീവിതം അങ്ങേയേറ്റം ദുരിതമായി തീരുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഭവന നിര്‍മാണ പദ്ധതികളിലൊന്നും ഈ കുടുംബങ്ങള്‍ ഉള്‍പ്പെടാതെ പോകുന്നു.

കഴിഞ്ഞ പ്രളയക്കാലത്ത് വീട് തകര്‍ന്നതിനെ തുടര്‍ന്ന് കോളനി വാസിയായ നുഞ്ചനും(62) ഭാര്യ ചെമ്പിയും മകളും കഴിയുന്നത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയില്‍. ചെമ്പിക്ക് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രോഗമായതിനാല്‍ കിടപ്പിലാണ്. കാറ്റടിച്ചാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണ് ഇവര്‍ താമസിക്കുന്ന പ്ലാസ്റ്റിക് കൂരയുള്ളത്.

ഇരുപതോളം കുടുംബങ്ങളുള്ള കോളനിയില്‍ വാസയോഗ്യമായവയെന്ന് പറയാന്‍ ഏതാനും വീടുകള്‍ മാത്രമാണുള്ളത്. ജീവന്‍ പണയം വെച്ചാണ് വീടുകള്‍ക്കുള്ളില്‍ കഴിച്ചുകൂട്ടുന്നതെന്ന് കോളനിവാസിയായ ലാലു പറയുന്നു. ട്രൈബല്‍ വകുപ്പിന്റെ കീഴില്‍ പണികഴിപ്പിച്ച വീടുകള്‍ മാത്രമാണ് ഇപ്പോള്‍ വാസയോഗ്യമായവ. ബാക്കി വീടുകളെല്ലാം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

പ്രളയകാലത്തുണ്ടായ പെരുമഴയിലാണ് കൂടുതല്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചത്. പല വീടുകളുടെയും ഭിത്തിയും തറയും ഇടിഞ്ഞു വീണു. എന്നാല്‍ എന്ത് സംഭവിച്ചെന്ന് നോക്കാന്‍ പോലും അധികൃതര്‍ ഈ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കോളനിവാസികള്‍ പറയുന്നു. തീര്‍ത്തും വീഴാറായ വീടുകളില്‍ താമസിക്കാന്‍ ഭയമുള്ളതിനാല്‍ കുടുംബങ്ങളെല്ലാവരും കൂടി ഒരു വീട്ടില്‍ തിങ്ങിഞെരുങ്ങി കഴിയേണ്ട സ്ഥിതിയും ഇവിടെയുണ്ട്.

ഉറപ്പുള്ള ഒരു വീടെന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ലെന്ന് കോളനിക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇവിടെയെത്തി വീട് ശരിയാക്കമെന്ന് പറയുന്ന രാഷ്ട്രീയക്കാരെ പിന്നീടീവഴിക്ക് കണാറില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു. വീടിനായി ട്രൈബല്‍ വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും അവഗണന മാത്രമാണ് നേരിടേണ്ടി വന്നത്രേ. അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനം തങ്ങളെ ഇതുവരെ അറിയിക്കാന്‍ പോലും അധികൃതര്‍ തയ്യാറാല്ലെന്ന് കോളനിവാസികള്‍ ആരോപിച്ചു.

Exit mobile version