പി മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് നേരെയുള്ള ആക്രമണം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു ഇരുവരും.

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കക്കട്ടില്‍ കുളങ്ങര കല്ലുപറമ്പത്ത് അശ്വിന്‍ (21), അമ്പലക്കുളങ്ങര മീത്തലെകരിമ്പാച്ചേരി ശ്രീജു (30) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു ഇരുവരും. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേര്‍ കാറിനുമുന്നില്‍ ചാടിവീണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കാറിന്റെ താക്കോല്‍ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടാണ് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്.

വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരം വീണ്ടും ആക്രമണം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആക്രമണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ്. മുഖത്തും മൂക്കിനും ഗുരുതരമായി പരിക്കേറ്റ ജൂലിയസ് നികിതാസും നെഞ്ചിനും അടിവയറ്റിനും ചവിട്ടേറ്റ സാനിയോയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.

Exit mobile version