ജമ്മു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം; പരാതിപ്പെട്ടാല്‍ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിയും

വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അധികൃതരുടെ ഒത്താശയോടെയാണ് കേരളത്തില്‍നിന്നുള്ള മുപ്പത്തഞ്ചോളം വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്.

ന്യൂഡല്‍ഹി: ജമ്മു കേന്ദ്ര സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ സംഘപരിവാര്‍ ആക്രമണം. പരാതിപ്പെട്ടാല്‍ പരീക്ഷ എഴുതിക്കില്ലെന്നുമായിരുന്നു ഭീഷണി. സര്‍വകലാശാലയിലെ എബിവിപി പ്രവര്‍ത്തകരും ക്യാമ്പസിന് പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആക്രമണം അഴിച്ചു വിട്ടത്. വെള്ളിയാഴ്ച ആര്‍ട് ഫെസ്റ്റ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

വിസിയും ഹോസ്റ്റല്‍വാര്‍ഡനും ഇടപെട്ട് പോലീസില്‍ പരാതി നല്‍കാനുള്ള നീക്കം തടയുകയായിരുന്നു. ഭീഷണികള്‍ വകവെയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ മുന്‍പോട്ട് പോയി. വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹികളും കമ്യൂണിസ്റ്റുകളും മാംസാഹാരം കഴിക്കുന്നവരുമാണെന്ന് പറഞ്ഞായിരുന്നു അതിക്രമം.

വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അധികൃതരുടെ ഒത്താശയോടെയാണ് കേരളത്തില്‍നിന്നുള്ള മുപ്പത്തഞ്ചോളം വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. സര്‍വകലാശാലയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹോസ്റ്റലിലേക്കുള്ള ബസ് സര്‍വീസിന് വലിയതുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ചതില്‍ കോളേജ് അധികൃതര്‍ മലയാളി വിദ്യാര്‍ത്ഥികളോട് ശത്രുതയോടെയാണ് പെരുമാറുന്നത്.

സ്വരക്ഷയ്ക്കുവേണ്ടി പോലീസിനെപ്പോലും സമീപിക്കാന്‍ കഴിയാതെ ഹോസ്റ്റല്‍മുറികളില്‍ തന്നെ കഴിയുകയാണെന്ന് മാനന്തവാടി സ്വദേശിയും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ വിഷ്ണുപ്രസാദ് പറയുന്നു.

Exit mobile version