നേതൃത്വ പദവിയിലേക്ക് പുതിയ തലമുറയിലുള്ളവര്‍ വരണം; പിഎസ് ശ്രീധരന്‍ പിള്ള

പുതിയ തലമുറയ്ക്ക് ഭരണം കൈമാറുന്നുണ്ടോ എന്ന കാര്യം പാര്‍ട്ടിയില്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വ പദവിയിലേക്ക് പുതിയ തലമുറയിലുള്ളവര്‍ വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. അമ്പത് വയസ്സില്‍ താഴെയുള്ള നിരവധി പേരുണ്ട്. അവര്‍ക്കൊക്കെ അവസരം നല്‍കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പുതിയ സംസ്ഥാന പ്രസിഡന്റ് ആരാകണമെന്നിപ്പോള്‍ പറയുന്നില്ല. അമ്പത് വയസ്സില്‍ താഴെയുള്ള നിരവധി പേരുണ്ട്. പുതിയ തലമുറയ്ക്ക് നേതൃത്വത്തിലേക്ക് കടന്ന് വരാന്‍ അമ്പത് വയസ്സ് കഴിഞ്ഞ നേതാക്കള്‍ അവസരം നല്‍കണം. പുതിയ തലമുറയ്ക്ക് ഭരണം കൈമാറുന്നുണ്ടോ എന്ന കാര്യം പാര്‍ട്ടിയില്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കുമ്മനത്തിനെ മിസോറം ഗവര്‍ണറാക്കിയതിനെ തന്റെ നിയമനവുമായി താരതമ്യം ചെയ്യരുതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. നാല് കൊല്ലത്തോളം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്ന് രണ്ട് ടേം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താന്‍ മിസോറാം ഗവര്‍ണറായി നിയോഗിക്കപ്പെടുന്നത്. കുമ്മനം പാര്‍ട്ടിയുടെ പ്രസിഡന്റായി ചുമതല വഹിച്ച് ഒരു വര്‍ഷം കഴിഞ്ഞ് മിസോറമിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Exit mobile version