സംസ്ഥാനത്ത് ശക്തമായ മഴ; അമ്പലപ്പുഴയില്‍ വ്യാപക കൃഷി നാശം

15ഓളം ചെറുകിട കര്‍ഷകര്‍ ചേര്‍ന്ന് 40 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നിടതത്താണ് വ്യാപകമായി കൃഷിനാശമുണ്ടായത്

അമ്പലപ്പുഴ: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ വ്യാപകമായി കൃഷി നാശം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം നാനേകാട് പാടശേഖരണത്തിലാണ് വ്യാപകമായി കൃഷി നശിച്ചത്. ഇതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. 15ഓളം ചെറുകിട കര്‍ഷകര്‍ ചേര്‍ന്ന് 40 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നിടതത്താണ് വ്യാപകമായി കൃഷിനാശമുണ്ടായത്.

ഇവിടെ ഒരേക്കറിന് 17,000 രൂപ ചിലവഴിച്ചാണ് നെല്‍കൃഷി ചെയ്തത്. മഴയ്ക്ക് മുന്നേ നെല്ലിന് മുഞ്ഞ രോഗം ബാധിച്ചതിനാല്‍ അഞ്ച് തവണ മരുന്നടിച്ചിരുന്നു. ഈയിനത്തിലും കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടായത്. അതിന് പിന്നാലെയാണ് കനത്ത മഴയില്‍ 20 ഏക്കറോളം സ്ഥലത്തെ നെല്ല് നിലംപതിച്ചു. ഇത് യന്ത്രമുപയോഗിച്ച് കൊയ്‌തെടുക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സാധാരണ മണിക്കൂറിന് 1800 രൂപയാണ് നെല്ല് കൊയ്യാന്‍ ചിലവാകുന്നത്. എന്നാല്‍ നിലംപതിച്ച നെല്ല് കൊയ്‌തെടുക്കാന്‍ സാധാരണയിലും അധികം തുക ചിലവകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കൃഷി വകുപ്പ് തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Exit mobile version