സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ‘ക്യാര്‍’ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്, ജാഗ്രത നിര്‍ദേശം

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്നു. അറബി കടലില്‍ രൂപംകൊണ്ട ക്യാര്‍ തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കലാമേളകള്‍്കകും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്യാര്‍ ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തില്‍ മഹാരാഷ്ട്രയിലും ഗോവയിലും ശക്തമായ മഴ തുടരുന്നുണ്ട്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീവ്ര ചുഴലിക്കാറ്റ് ഇന്നതോടെ അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്ര തീരത്ത് നിന്ന് 210 കിമീ അകലെ നീങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം.

മുംബൈയില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇവിടെ മണഇക്കൂറില്‍ 160 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version