കെ സുരേന്ദ്രനെ കോന്നിയില്‍ നിര്‍ത്തിയത് തോല്‍പ്പിക്കാന്‍; ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് തോല്‍ക്കാന്‍ വേണ്ടി ; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പിസി ജോര്‍ജ്ജ്

മുന്നണി കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

കോട്ടയം: ഉപതെരഞ്ഞടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ എന്‍ഡിഎയ്‌ക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ് എംഎല്‍എ. ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് തോല്‍ക്കാന്‍ വേണ്ടിയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു.

സാധാരണ രീതിയില്‍ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. എന്നാല്‍ എന്‍ഡിഎയില്‍ മത്സരിക്കുന്നത് തോല്‍ക്കാന്‍ വേണ്ടിയാണ്. മഞ്ചേശ്വരത്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ ജയിക്കുമായിരുന്നു. എന്നാല്‍ കോന്നിയില്‍ മത്സരിപ്പിച്ചത് തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ബിജെപി നേതാക്കളുടെ മുഖം ഒന്ന് ചിരിച്ചുകാണാന്‍ പോലും പറ്റുന്നില്ല. തട്ടിക്കൂട്ട് സംഘമായി എന്‍ഡിഎ മാറി. എന്‍ഡിഎ എന്നത് ഒരു മുന്നണിസംവിധാനമാണോ. ആണെങ്കില്‍ അത് നേതാക്കന്മാര്‍ തന്നെ വ്യക്തമാക്കണം. മുന്നണി കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബിജെപി കരുതുന്നത്. അതിനാല്‍ ബിജെപിക്കൊപ്പം എത്രകാലം ഉണ്ടാകുമെന്ന് പറയാന്‍ വയ്യെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

വന്‍ പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിക്ക് കനത്ത നിരാശയാണ് ഉപതെരഞ്ഞെടുപ്പ് സമ്മാനിച്ചത്. ആറ് മാസത്തിനിടെ അഞ്ചിടത്ത് ജനം വീണ്ടും വോട്ട് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. താമരയില്‍ നിന്ന് 42,975 വോട്ടിന്റെ ചോര്‍ച്ചയുണ്ടായി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ ഇത്തവണ സുരേന്ദ്രന് കുറഞ്ഞത് 6720 വോട്ടാണ്. കോന്നിയില്‍ ഇടതുമായുണ്ടായിരുന്ന അകലം 440 വോട്ടില്‍ നിന്ന് 14,313 വോട്ടായി വര്‍ധിച്ചു. അഞ്ചിടങ്ങളില്‍ ഏറ്റവും വോട്ട് ചോര്‍ന്നത് പാര്‍ട്ടി ഏറ്റവും പ്രതീക്ഷവെച്ച വട്ടിയൂര്‍ക്കാവിലാണ്. വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ലോക്സഭയിലേക്ക് കുമ്മനം മത്സരിച്ചപ്പോള് കിട്ടിയ 50709 വോട്ട് 27453 ആയി ചുരുങ്ങി. നഷ്ടം 23256 വോട്ട്. വലിയ തിരിച്ചടിക്ക് ഇടയിലും പാര്‍ട്ടിയുടെ ആകെ ആശ്വാസം മഞ്ചേശ്വരത്ത് വര്‍ധിച്ച 380 വോട്ടും രണ്ടാം സ്ഥാനം നിലനിര്‍ത്തിയതുമാണ്.

എന്നാല്‍ കഴിഞ്ഞ തവണ 79 വോട്ടിന് നഷ്ടമായ മണ്ഡലത്തില്‍ ഇത്തവണ തോറ്റത് 7923 വോട്ടിനാണ്. എറണാകുളത്ത് കണ്ണന്താനം മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടില്‍ നിന്ന് 4418 വോട്ട് കുറഞ്ഞു.

Exit mobile version