മലപ്പുറം വട്ടപ്പാറ വളവില്‍ വീണ്ടും അപകടം; ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്ചകള്‍ക്കിടയില്‍ നടക്കുന്ന നാലാമത്തെ അപകടമാണിത്.

മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്ചകള്‍ക്കിടയില്‍ നടക്കുന്ന നാലാമത്തെ അപകടമാണിത്.

കഴിഞ്ഞ മാസം 21-നും ഈ മാസം രണ്ടിനും ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഇവിടെ അപകടമുണ്ടായിരുന്നു. രണ്ട് അപകടത്തിലും വാതക ചോര്‍ച്ചയും ആളപായവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഈ മാസം ഒമ്പതിനും വട്ടപ്പാറ വളവില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് മറിഞ്ഞത്. അന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല.

അതേസമയം, വട്ടപ്പാറ വളവില്‍ കഴിഞ്ഞ വര്‍ഷം സ്പിരിറ്റ് ലോറി മറിഞ്ഞ് വന്‍ അപകടമുണ്ടായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളില്‍ ഒട്ടനവധി പേര്‍ക്ക് ഇവിടെ ജീവഹാനി സംഭവിച്ചിട്ടുണ്ട്.

എന്നാല്‍ സ്ഥിരം അപകട മേഖലയായ സ്ഥലത്ത് കുറച്ചു നാളുകള്‍ അപകടം ഒഴിഞ്ഞിരുന്നു. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സജീവമായ ഇടപെടലായിരുന്നു ഇതിന് കാരണം. മിക്കപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വലിയ ചരക്കുലോറികളാണ് അപകടത്തില്‍ പെടാറ്.

കൊടുംവളവും ഇറക്കവും ചേരുന്ന ഇവിടെ ഡ്രൈവര്‍മാരുടെ പരിചയക്കുറവും പലപ്പോഴും അപകടം വരാന്‍ ഇടയാകുന്നു. ദേശീയപാതയില്‍ വളാഞ്ചേരിക്കും പുത്തനത്താണിക്കും ഇടയിലാണ് വട്ടപ്പാറ വളവിന്റെ സ്ഥാനം.

Exit mobile version