മുഖ്യമന്ത്രിയെയും വികെ പ്രശാന്തിനെയും അഭിനന്ദിച്ച് പോസ്റ്റ്: അഡ്മിന് അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് തുഷാര്‍ വെള്ളാപ്പള്ളി പിന്‍വലിച്ചു. പോസ്റ്റിട്ടത് ഫേസ്ബുക്ക് നോക്കാന്‍ ചുമതലപ്പെടുത്തിയ വ്യക്തിയാണെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും തുഷാര്‍ വ്യക്തമാക്കി.

”പിന്നാക്കക്കാരനായ മുഖ്യമന്ത്രിയും മുന്നാക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പിന്നാക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച ഏറെ പ്രതീക്ഷ പകരുന്നതാണെന്ന അടിക്കുറിപ്പോടെ പിണറായി വിജയനും വികെ പ്രശാന്തും ഒരുമിച്ചുനില്‍ക്കുന്ന ചിത്രമാണ് തുഷാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

രണ്ടാഴ്ചയായി പേജിന്റെ അഡ്മിനാണെന്നും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിനുശേഷം സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നെന്നും അശ്രദ്ധകാരണം അബദ്ധവശാല്‍ മുഖ്യമന്ത്രിയും പ്രശാന്തും നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്ക് പോസ്റ്റായി വന്നതാണെന്നും കിരണ്‍ ചന്ദ്രന്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എല്ലാവരും സദയം ക്ഷമിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ പേജിലൂടെ കിരണ്‍ ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇതിനുപിന്നാലെ, വിശദീകരണവുമായി തുഷാര്‍ വെള്ളാപ്പള്ളി തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യഘടകമാണ് ബിഡിജെഎസ് എന്നും ഇതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് ശുഭസൂചനയാണെന്നും വരും തിരഞ്ഞെടുപ്പുകളില്‍ കഷ്ടപ്പാടിനുള്ള ഫലം കിട്ടുമന്നും തുഷാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് അഡ്മിന്‍ പാനലാണെന്നും അതിലൊരു സഹോദരന്‍ കിരണ്‍ ചന്ദ്രന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്റെ ഫേസ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതാണെന്നും തുഷാര്‍ പറയുന്നു.

Exit mobile version