വട്ടിയൂർക്കാവിലേയും കോന്നിയിലേയും വിജയം സർക്കാരിനുള്ള അംഗീകാരം; അരൂരിലെ തോൽവി വിശദമായി പരിശോധിക്കും: കോടിയേരി

തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫിന്റെ രണ്ട് കോട്ടകൾ പിടിച്ചടക്കാനായെങ്കിലും അരൂരിലെ പരാജയം എൽഡിഎഫിന് നിരാശയായി. എൽഡിഎഫിനുണ്ടായ തിളക്കമാർന്ന വിജയത്തിന് മങ്ങലേൽപിച്ച സംഭവമാണ് അരൂരിലെ പരാജയം. അരൂരിലെ പരാജയത്തിന്റെ വിശദാംശങ്ങൾ പാർട്ടി പ്രത്യേകമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. വട്ടിയൂർക്കാവിലെയും കോന്നിയിലെയും വിജയം ഇടതു സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവിൽ എൽഡിഎഫിന്റെ വികെ പ്രശാന്തും കോന്നിയിൽ അഡ്വ. കെയു ജനീഷ് കുമാറുമാണ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടിയ മണ്ഡലങ്ങളിലാണ് ഇക്കുറി എൽഡിഎഫിന് വിജയിക്കാനായത്. ഇതിനു മുമ്പു നടന്ന പാലാ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിച്ചിരുന്നു. പാലാ ഉൾപ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ഇടതുമുന്നണിക്ക് വിജയിക്കാൻ സാധിച്ചുവെന്നും കോടിയേരി പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ അടിത്തറ കേരളത്തിൽ ശക്തമാണെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവ് മണ്ഡലം രൂപം കൊണ്ടതിനു ശേഷം അവിടെ ഇടതുമുന്നണി വിജയിച്ചിരുന്നില്ല. കോന്നി മണ്ഡലം രൂപം കൊണ്ടതിനു ശേഷവും ഇടതുമുന്നണി വിജയിച്ചിരുന്നില്ല. എന്നാൽ ഇവിടങ്ങളിൽ ഇത്തവണ വിജയിക്കാൻ സാധിച്ചു. പ്രതിപക്ഷം സ്വീകരിക്കുന്ന വികസനപ്രവർത്തനങ്ങൾക്കെതിരായുള്ള, നശീകരണ സമീപത്തിനെതിരായ ജനങ്ങളുടെ പ്രതികരമാണിതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Exit mobile version