സര്‍വീസ് നടത്തുന്നതിനുള്ള ഉഭയകക്ഷി കരാര്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലംഘിക്കുന്നതായി പരാതി

എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെ പരാതി ശക്തം. അനുമതി ഉണ്ടായിട്ടും കരിപ്പൂരില്‍ സര്‍വീസ് നടത്തുന്നില്ലെന്നാണ് പരാതി. അനുമതി ലഭിച്ചിട്ടും സര്‍വീസ് നടത്താത്തത് ചട്ടവിരുദ്ധമാണെന്നും മലബാര്‍ ഡവലപ്‌മെന്റ് ഫോറം കുറ്റപ്പെടുത്തി.

2015 ഏപ്രില്‍ 30 മുതല്‍ 2019 ജൂലൈ 05 വരെ ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് എയറിന് കരിപ്പൂരില്‍ 777 സീരിസ് വിമാനങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ആ സമയത്ത് കരിപ്പൂരില്‍ അനുവദിച്ച ക്വാട്ട മറ്റിടങ്ങളില്‍ ഉപയോഗിക്കുവാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയിരുന്നു.

കരാര്‍ പ്രകാരം 12 എമിറേറ്റ്‌സ് സര്‍വീസുകള്‍ക്ക് ആഴ്ചയില്‍ 3468 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ കോഴിക്കോട് ദുബായ് റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ നടത്തുന്ന ഫ്‌ലൈ ദുബായ് ആഴ്ചയില്‍ 500 സീറ്റുകള്‍ ഉപയോഗിക്കുന്നു. അതൊഴിച്ച് 2968 സീറ്റുകള്‍ കരിപ്പൂരിന് കിട്ടേണ്ടതുണ്ട്. കരാര്‍ ലംഘനത്തിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.

Exit mobile version