തൃശ്ശൂര്‍ എടിഎമ്മിലും കവര്‍ച്ചാ ശ്രമം; മോണിറ്റര്‍ കുത്തിപൊളിച്ച നിലയില്‍

തൃശൂര്‍ ദേശീയപാതയിലെ പട്ടിക്കാട് ജംഗ്ഷനില്‍ എസ്ബിഐ എടിഎം കൗണ്ടറിലാണ് മോഷണ ശ്രമം നടന്നത്

തൃശ്ശൂര്‍: തൃശ്ശൂര്‍ എടിഎമ്മിലും കവര്‍ച്ചാ ശ്രമം. ജില്ലയിലെ പട്ടിക്കാട് ജംഗ്ഷനിലുള്ള എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. തൃശ്ശൂരിനു പുറമെ ഇടുക്കി ജില്ലയിലെ മറയൂരിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.രണ്ടിടത്തും മോഷ്ടാക്കള്‍ ലക്ഷം വെച്ചത് എസ്ബിഐയുടെ എടിഎമ്മുകളാണ്.

തൃശൂര്‍ ദേശീയപാതയിലെ പട്ടിക്കാട് ജംഗ്ഷനില്‍ എസ്ബിഐ എടിഎം കൗണ്ടറിലാണ് മോഷണ ശ്രമം നടന്നത്. എടിഎമ്മിന്റെ മോണിറ്റര്‍ കുത്തിപൊളിച്ച നിലയിലാണ്. രാവിലെ പണമെടുക്കാന്‍ വന്നവരാണ് സംഭവം പോലീസിനെ അറിയിച്ചത്. ബാങ്ക് അധികൃതരെത്തി പരിശോധിച്ചു. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പീച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രാഥമിക നിഗമനമുണ്ട്. പോലീസെത്തി പരിശോധന നടത്തുകയാണ്.

ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ സിസിടിവി സൗകര്യങ്ങള്‍ ഇല്ല. ഇതിനാല്‍ അടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണസംഘം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം.

Exit mobile version