ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എംടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി, മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു, സംഭവം തൃശ്ശൂരില്‍

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മോഷണ ശ്രമം നടന്നത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ കൊണ്ടാഴി പാറമേല്‍ എടിഎമ്മില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ മോഷ്ടാക്കള്‍ കടന്നു കളഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മോഷണ ശ്രമം നടന്നത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയത്. തിരിച്ചറിയാതിരിക്കാന്‍ ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി കാമറകള്‍ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.

ആളുകള്‍ എത്തിയതോടെ കാറില്‍ കയറി മുങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ തകരാറിലായതോടെയാണ് ഇവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണിത്. ഗ്യാസ് കട്ടറും മറ്റും വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

Exit mobile version