സര്‍ക്കാര്‍ സഹായിക്കണം, ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര തുടരാനാകില്ല; കടുത്ത പ്രതിസന്ധിയെന്ന് കെഎസ്ആര്‍ടിസി

നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കേ സൗജന്യം അനുവദിച്ചിട്ടുള്ളെങ്കിലും അതില്‍ കൂടുതലുള്ള ദൂരത്തിലും വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു

തിരുവനന്തപുരം: സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് കെഎസ്ആര്‍ടിസി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര തുടരാന്‍ ആകില്ലെന്നാണ് എടുത്തിരിക്കുന്ന നിലപാട്. പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്.

നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കേ സൗജന്യം അനുവദിച്ചിട്ടുള്ളെങ്കിലും അതില്‍ കൂടുതലുള്ള ദൂരത്തിലും വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. അണ്‍ എയിഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ പോലും സൗജന്യയാത്രയുടെ ആനുകൂല്യം പറ്റുന്നു. ഇതെല്ലാം കെഎസ്ആര്‍ടിസിക്ക് ബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

ഒന്നുകില്‍ സൗജന്യയാത്രയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, അല്ലെങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായെങ്കിലും സൗജന്യം ചുരുക്കുക. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Exit mobile version