രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല; പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത് പുതുവര്‍ഷത്തില്‍

നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരും രണ്ട് കുട്ടികള്‍ എന്ന നയം പിന്തുടരണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്.

ഗുവാഹത്തി: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല. ആസാമില്‍ ആണ് മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ആസാമിലെ 126 അംഗ നിയമസഭ ജനസംഖ്യ നയത്തിന് രൂപം നല്‍കി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ തീരുമാനം. ഈ നിയമം പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

അണുകുടുംബത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017 സെപ്റ്റംബറിലാണ് സംസ്ഥാന നിയമസഭ ജനസംഖ്യ-സ്ത്രീശാക്തീകരണ നയം പാസാക്കിയത്. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരും രണ്ട് കുട്ടികള്‍ എന്ന നയം പിന്തുടരണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്. കൂടാതെ ഭൂമിയില്ലാത്ത തദ്ദേശീയര്‍ക്ക് 43,200 ചതുരശ്ര അടി ഭൂമി കൃഷിയ്ക്കും വീട് വയ്ക്കാനും അനുവദിക്കാനും മന്ത്രിസഭ തീരുമാനം കൈകൊണ്ടിട്ടുണ്ട്. ഈ ഭൂമിയുടെ ക്രയവിക്രയം പതിനഞ്ച് വര്‍ഷത്തിന് ശേഷം മാത്രമേ നടത്താനാകൂ എന്നും വ്യവസ്ഥ മുന്‍പോട്ട് വെച്ചിട്ടുണ്ട്.

ഒപ്പം ബസ് നിരക്ക് 25ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. വിധവകള്‍ക്ക് പ്രതിമാസം മുന്നൂറ് രൂപ സഹായം നല്‍കും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണ ഇന്ദിര മിരിയുടെ പേരിലാണ് ഈ പദ്ധതി. ഈ പദ്ധതി വഴി ഏപ്രില്‍ ഒന്നിന് ശേഷം വിധവകളാകുന്നവര്‍ക്ക് 25,000 രൂപ നല്‍കാനും തീരുമാനമുണ്ട്.

Exit mobile version