കേരളത്തിൽ എൽഡിഎഫിന് വൻ മുന്നേറ്റം; യുഡിഎഫിനും ബിജെപിക്കും തകർച്ച; എക്‌സിറ്റ്‌പോൾ ഫലം പുറത്തുവിട്ട് മനോരമയും മാതൃഭൂമിയും

ഈയടുത്തായി നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മൂന്ന് സീറ്റും യുഡിഎഫിന് മൂന്ന് സീറ്റും എന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയ കേരളമെത്തിയെന്ന് കാണാം.

തൃശ്ശൂർ: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. യുഡിഎഫിനു കനത്ത തകർച്ചയും ബിജെപിക്ക് തെരഞ്ഞെടുപ്പ് ചിത്രത്തിൽ തന്നെ സ്ഥാനമുണ്ടാകില്ലെന്നും എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രവചിക്കുന്നു. അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് ബിഗ് ലൈവ് ടിവി പുറത്തുവിട്ട അഭിപ്രായ സർവേ ശരിവെയ്ക്കും വിധമാണ് പ്രമുഖ മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോൾ ഫലങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മഞ്ചേശ്വരവും എറണാകുളവും യുഡിഎഫിന് ഒപ്പം നിൽക്കുമെന്നും ബിജെപി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വോട്ടർമാരെ നേരിട്ട് കണ്ട് തയ്യാറാക്കിയ ബിഗ് ലൈവ് ടിവിയുടെ അഭിപ്രായ സർവേയിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തെ സാധൂകരിക്കുന്നതാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ മലയാള മനോരമയും മാതൃഭൂമിയും പുറത്തുവിട്ട എക്‌സിറ്റ്‌പോൾ ഫലങ്ങൾ.

മനോരമ-കാർവി ഇൻസൈറ്റ്‌സ് എക്‌സിറ്റ്‌പോൾ ഫലം രണ്ടിടത്ത് യുഡിഎഫ് വിജയവും ഒരു സീറ്റിൽ എൽഡിഎഫ് മുന്നേറ്റവും രണ്ട് മണ്ഡലങ്ങളിൽ ഫോട്ടോ ഫിനിഷുമാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് മുന്നേറ്റവും കോന്നിയിൽ എൽഡിഎഫ് വിജയവുമാണ് ഈ എക്‌സിറ്റ്‌പോൾ ഫലത്തിന്റെ പ്രവചനം. വട്ടിയൂർക്കാവിലും അരൂരിലും ഫോട്ടോഫിനിഷിലേക്കായിരിക്കും വോട്ടെടുപ്പ് ഫലം എത്തിച്ചേരുകയെങ്കിലും അരൂരിൽ എൽഡിഎഫിനും വട്ടിയൂർക്കാവിൽ യുഡിഎഫിനുമാണ് മനോരമയുടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മുൻതൂക്കം പ്രവചിക്കുന്നത്. അ

രൂരിൽ എൽഡിഎഫ്-യുഡിഎഫ് വോട്ട് വ്യത്യാസം ഒരു ശതമാനം മാത്രമായിരിക്കുമെന്നും ഈ ഫലം പറയുന്നു. വട്ടിയൂർക്കാവിലും നേരിയ വോട്ട് വ്യത്യാസം മാത്രമാണ് പ്രവചനം. എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടേത് ദയനീയമായ പ്രകടനമായിരിക്കുമെന്നും മനോരമയുടെ എക്‌സിറ്റ്‌പോൾ പറയുന്നു. ചുരുക്കത്തിൽ മൂന്നിടത്ത് യുഡിഎഫും രണ്ട് മണ്ഡലങ്ങളിൽ എൽഡിഎഫിനുമാണ് മനോരമ വിജയം പ്രവചിക്കുന്നത്.

അതേസമയം, രണ്ട് സീറ്റിലെ വിജയം പ്രവചിക്കപ്പെട്ടത് എൽഡിഎഫിന് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. നിലവിൽ അരൂർ മാത്രമാണ് എൽഡിഎഫിന്റെ സിറ്റിങ് സീറ്റ്. കോന്നിയും എൽഡിഎഫിന് ലഭിക്കുമെന്ന് മനോരമ പ്രവചിക്കുമ്പോൾ യുഡിഎഫിന് നാല് സിറ്റിങ് സീറ്റിൽ ഒരെണ്ണം നഷ്ടമാകുമെന്നാണ് വ്യാഖ്യാനം. എൽഡിഎഫിന് എല്ലാ മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നും മനോരമ പ്രവചിക്കുന്നുണ്ട്.

യുഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന പാലാ എൽഡിഎഫ് പിടിച്ചെടുത്തതും ഈ എക്‌സിറ്റ്‌പോൾ ഫലവും ചേർത്ത് വായിച്ചാൽ ഈയടുത്തായി നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മൂന്ന് സീറ്റും യുഡിഎഫിന് മൂന്ന് സീറ്റും എന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയ കേരളമെത്തിയെന്ന് കാണാം. നേരത്തെ യുഡിഎഫ്-5 എൽഡിഎഫ്-1 എന്ന സീറ്റ് നിലയിൽ നിന്നാണ് ഈ മാറ്റം. ഒരു സീറ്റിൽ നിന്നും മൂന്ന് സീറ്റെന്ന നേട്ടം എൽഡിഎഫിന്റെ വലിയ മുന്നേറ്റത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.

മാതൃഭൂമിയും എൽഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് മൂന്ന് സീറ്റും എക്‌സിറ്റ്‌പോളിൽ പ്രവചിക്കുന്നുണ്ടെങ്കിലും വിജയിക്കുന്ന സീറ്റുകളിൽ നേരിയ വ്യത്യാസം കാണിക്കുന്നുണ്ട്. വട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫ് വിജയവും കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ യുഡിഎഫ് വിജയവുമാണ് മാതൃഭൂമിയുടെ പ്രവചനം. എൽഡിഎഫിന് വോട്ട് ശതമാനത്തിൽ വലിയ നേട്ടവും ഈ എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.

അതേസമയം സൂക്ഷ്മമായി നിരീക്ഷിച്ചാൽ യുഡിഎഫിന് വലിയ തിരിച്ചടിയും എൽഡിഎഫിന് വൻ മുന്നേറ്റവും തന്നെയാണ് വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ മാതൃഭൂമിയും മനോരമയും പുറത്തുവിട്ട എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

Exit mobile version