കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറി; എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങും

കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങുമെന്നാണ് അറിയിപ്പ്. അതേസമയം, 10 പമ്പുകള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്‌സ് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുകയാണ്.

കൊച്ചി: മഴ ശക്തമായി പെയ്തതോടെ കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറി. ഇതോടെ എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഒന്നര മീറ്റര്‍ ഉയരത്തിലാണ് സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയത്. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങുമെന്നാണ് അറിയിപ്പ്. അതേസമയം, 10 പമ്പുകള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്‌സ് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുകയാണ്.

സംസ്ഥാനത്തിലുടനീളം ശക്തമായ മഴ തുടരുകയാണ്. നിലവില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version