തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട്; വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും ഡാമുകള്‍ക്കു സമീപവും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

ജില്ലയുടെ തീരപ്രദേശത്തും മലയോര മേഖലകളിലും ജലാശയങ്ങള്‍ക്കു സമീപമുള്ള മേഖലകളിലും അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു. പുഴകളിലും പാറമടകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലും ഒഴുക്ക് ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവയില്‍ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപകട സാധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടങ്ങള്‍ക്കും അരുവികള്‍ക്കും സമീപം വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. സുരക്ഷ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

Exit mobile version