കനത്ത മഴ; എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചത്

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (22/10/2019) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ നാളെയും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെ പെയ്ത മഴയെ തുടര്‍ന്നാണ് കൊച്ചി നഗരം വെള്ളത്തിലായത്. മഴയെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗതം താറുമാറായി. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി നഗരങ്ങളിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. കളമശ്ശേരിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വലിയതോതില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടു. റെയില്‍വേ സ്റ്റേഷനുകളിലും വെള്ളം നിറഞ്ഞതോടെ റയില്‍ ഗതാഗതവും താറുമാറായി.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ടെന്നും, ഈ മാസം 24 വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Exit mobile version