കനത്ത മഴ; എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

കൊച്ചി; കനത്ത മഴ പെയ്ത പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൊച്ചി താലൂക്കില്‍ രണ്ടും കണയന്നൂര്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്.

കൊച്ചി താലൂക്കില്‍ നായരമ്പലം ദേവിവിലാസം എല്‍പി സ്‌കൂളിലും പനയപ്പള്ളി ഗവ ഹൈസ്‌കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നത്. കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍, തൃക്കാക്കര വില്ലേജുകളെയാണ് മഴ കൂടുതല്‍ ബാധിച്ചത്. ആകെ 62 കുടുംബങ്ങള്‍ ക്യാമ്പുകളിലാണ്.

ഇന്നലെ അര്‍ധരാത്രിയോടെ പെയ്ത മഴയെ തുടര്‍ന്നാണ് കൊച്ചി നഗരം വെള്ളത്തിലായത്. മഴയെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗതം താറുമാറായി. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി നഗരങ്ങളിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. കളമശ്ശേരിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. പോളിങ് ബൂത്തുകളില്‍ വെള്ളം കയറിയതോടെ വോട്ടെടുപ്പ് വൈകി. ചില ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ടെന്നും, ഈ മാസം 24 വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Exit mobile version