കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി; രാവിലെ പത്ത് മുതല്‍ 11.30വരെ വാഹനങ്ങള്‍ തടയും

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നൂറിടങ്ങളില്‍ രാവിലെ 10മുതല്‍ 11.30വരെ ഗതാഗതം തടയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപി പ്രതിഷേധ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നൂറിടങ്ങളില്‍ രാവിലെ 10മുതല്‍ 11.30വരെ ഗതാഗതം തടയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്നലെ രാത്രി നിലയ്ക്കലില്‍ നിന്നാണ് കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റു.

കസ്റ്റഡിയില്‍ എടുത്ത കെ സുരേന്ദ്രനെ 14ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ചയായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് സുരേന്ദ്രനെ ഹാജരാക്കിയത്.

പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള മറ്റ് വകുപ്പുകളും സുരേന്ദ്രന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. സുരേന്ദ്രനെയും മറ്റ് 3 പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.

Exit mobile version