പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാകുന്ന അഫ്‌ലക്ടോക്‌സിന്‍ എം വണ്‍; ഫുഡ് സേഫ്റ്റി സര്‍വ്വേ

കേരളത്തിനു പുറമേ തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന പായ്ക്കറ്റ് പാലിലും ആരോഗ്യത്തിനു ഹാനികരമായ ഘടകം കണ്ടെത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കടകളില്‍ വില്‍പ്പനയ്ക്കായെത്തുന്ന പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥമടങ്ങിയതായി കണ്ടെത്തല്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിനു ഹാനികരമായ അഫ്‌ലക്ടോക്‌സിന്‍ എം വണ്‍ എന്ന രാസപദാര്‍ത്ഥം കണ്ടെത്തി.

കേരളത്തിനു പുറമേ തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന പായ്ക്കറ്റ് പാലിലും ആരോഗ്യത്തിനു ഹാനികരമായ ഘടകം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തുനിന്നും പാലിന്റെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഫുഡ് സേഫ്റ്റി അതോറിറ്റി നാഷനല്‍ മില്‍ക്ക് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സര്‍വ്വേ നടത്തിയത്.

ഇതിലൂടെയാണ് കാന്‍സറിന് പോലും കാരണമാകുന്ന അഫ്‌ലക്ടോക്‌സിന്‍ എം വണിന്റെ അംശം കണ്ടെത്തിയത്. കാലിത്തീറ്റ വഴിയാണ് ഇത് പാലില്‍ എത്തുന്നതെന്നും സംസ്‌കരിച്ച് എത്തുന്ന പാലിലാണ് രാസപദാര്‍ഥത്തിന്റെ അളവ് കൂടുതലെന്നും സര്‍വ്വേയിലൂടെ കണ്ടെത്തി. എന്നാല്‍ അഫ്‌ലക്ടോക്‌സിന്റെ അളവു നിയന്ത്രിക്കാന്‍ നിലവില്‍ രാജ്യത്തു സംവിധാനമൊന്നുമില്ല.

6432 സാംപുകളില്‍ പരിശോധിച്ചതില്‍ 93 ശതമാനവും സുരക്ഷിതമാണെന്നും ചില മാനദണ്ഡങ്ങള്‍ വച്ച് 41 ശതമാനം മനുഷ്യ ഉപയോഗത്തിനു പാകമല്ലെന്നും സര്‍വ്വേയില്‍ കണ്ടെത്തി. കൂടാതെ പാലില്‍ വെള്ളം ചേര്‍ക്കുന്ന പ്രവണതയും രാജ്യത്ത് വര്‍ധിച്ചുവരുന്നതായും സര്‍വ്വേയില്‍ പറയുന്നു.

Exit mobile version