കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും കേരളീയ ശൈലിയില്‍ വരവേല്‍പ്പ്; വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി: സന്ദര്‍ശനത്തിനായി എത്തിയ നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറിനും രാജ്ഞി മാക്‌സിമയ്ക്കും കൊച്ചി വിമാനത്താവളത്തില്‍ കേരളീയ ശൈലിയില്‍ വരവേല്‍പ്പ്. കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവ് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും.

വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് രാജാവിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി സി രവീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഇരുവരേയും സ്വീകരിച്ചത്.

നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയും വിവിധ രംഗത്തു നിന്നുള്ള 20 വിദഗ്ദ്ധരും രാജാവിന്റെ സംഘത്തിലുണ്ട്. മട്ടാഞ്ചേരിയിലെത്തിയ രാജാവും രാജ്ഞിയും ഡച്ച് കൊട്ടാരം സന്ദര്‍ശിച്ചു. റോഡ് മാര്‍ഗം വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാരേഖകള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ജെ രജികുമാര്‍, നെതര്‍ലന്‍ഡ്‌സ് നാഷണല്‍ ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ഡി ജി മറെന്‍സ് ഏന്‍ഗല്‍ഹഡ് എന്നിവര്‍ ഒപ്പിട്ടു.

നാളെ ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്‌ബോട്ടില്‍ യാത്ര നടത്തും. തിരികെ കൊച്ചിയില്‍ എത്തി ഡച്ച് മാധ്യമങ്ങളെയും കാണും. ശേഷം വൈകിട്ട് ഏഴരക്ക് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് യാത്രതിരിക്കും.

Exit mobile version